Wednesday, June 07, 2006

വേഴം

“ഹലോ... എഴ്ന്നേക്കാറായില്ലേ... ങേ ? ഇന്ന് ബുധനാഴ്ചയേ ആയിട്ടുള്ളേ... മണി ഏഴേകാലാവുന്നു... ”

അലാറങ്ങളും സ്നൂസുകളുമൊക്കെ തീര്‍ന്നിരിക്കുന്നു. ഇനി പ്രതീക്ഷിക്കാന്‍ ഒന്നുമില്ല. കിടന്നിട്ടു കാര്യവുമില്ല. എങ്കിലും ഒരു മിനിറ്റൊന്നുകൂടി റിലാക്സ് ചെയ്തില്ലെങ്കില്‍ ദിവസം മുഴുവന്‍ നീളുന്ന തലവേദന ഉണ്ടാവും എന്നങ്ങു സങ്കല്‍പ്പിച്ച് ഒന്നു തിരിഞ്ഞു കിടന്നു.

“പുതിയ നിയമം അറിഞ്ഞില്ലേ? ബ്ലോഗറില്‍ പ്രൊഫൈല്‍ ഉണ്ടാക്കിയവരൊക്കെ ഒരു ബ്ലോഗെങ്കിലും ഉണ്ടാക്കിയിരിക്കണം. കൂടാതെ മാസത്തിലൊരു പോസ്റ്റെങ്കിലും ചെയ്യണം. അല്ലാത്തവര്‍ക്കൊന്നും ഐഡി കൊടുക്കില്ല. അവരുടെ വിസ പുതുക്കില്ല.”

നിയമങ്ങള്‍ ഇരുട്ടിവെളുക്കുമ്പോ ഉണ്ടാവുകയും ഇല്ലാതാവുകയും പുതുമയല്ലാത്തതുകൊണ്ട് കേട്ടിട്ട് പ്രത്യേകിച്ചൊന്നും തോന്നുന്നില്ല. പക്ഷേ വിസപുതുക്കുന്നില്ലാന്നൊക്കെ പറയുമ്പോള്‍... ലോണ്‍ തീരാതെ കേറിപ്പോവാന്‍ ചെന്നാല്‍ എയര്‍പോര്‍ട്ടീന്നേ തട്ടി അകത്തിടും.എങ്ങിനെയും വിസ ഒന്നു നിലനിര്‍ത്തണം.

പക്ഷേ ആരാണീ വാര്‍ത്ത പറയുന്നത്?അയ്യോ. അത് ഉമേഷ്ജി ആണല്ലോ. ആനപ്പുറത്ത് മോനെയും കെട്ടിപ്പിടിച്ചിരുന്നാണ് ഡയലോഗടി.

അല്ലാ ഇവരെങ്ങനെയാ മുന്‍‌വാതില്‍ കടന്ന് എന്റെ കിടക്കയ്ക്കരികിലെത്തിയത്?

“എഴിയെടേ ചെല്ലാ”
“ഇപ്പോ പോസ്റ്റുകളൊന്നും ഇല്ലല്ല്... കമന്റുകളടിച്ചു നടന്നാല്‍ മത്യോ അപ്പീ? വ്വാ എന്തരു ചെയ്യാന്‍?”

കറകളഞ്ഞ, ഒന്നാന്തരം എം.റ്റി/മഞ്ജുവാര്യര്‍ ബ്രാന്‍ഡ് മൊഴി വരേണ്ടുന്നിടത്തൂന്ന് തിരുവന്തരത്തെ വേഴം കേട്ട് ഞെട്ടിത്തെറിച്ചു കണ്ണുതുറന്നപ്പോഴുണ്ട് ദേ അദര്‍ ഹാഫുണ്ട് പിന്നീം നിക്ക്‌ന്. ആനപ്പുറത്തല്ല, മുള്ളിന്റെ പൊറത്ത് പിള്ളാര്‍ടെ യൂണിഫോമും തൂക്കിപ്പിടിച്ച്.

---
This part of the സ്വപ്നം was sponsored by: വിശാലന്‍ ഏന്റ് ഉമേഷ്

വായന