Wednesday, May 25, 2005

മേരാ ഭാരത്‍ മഹാന്‍

തൊട്ടടുത്തിരുന്നു ജോലി ചെയ്യുന്ന ചെറുപ്പക്കാരന്‍ ബാംഗ്ലൂരില്‍ നിന്നാണ്‌.

'മലബാറികള്‍' (ഇതും മല്ലു എന്നതും ഉത്തരേന്ത്യക്കാരുടെ 'മദ്രാസി' പ്രയോഗവും ഒരുപോലെ അലര്‍ജിപ്രദം. എനിക്ക്‌.) എന്താ തമ്മില്‍ക്കണ്ടാലുടന്‍ സംസ്ഥാന-കേന്ദ്ര രാഷ്ട്രീയവും വികസനപ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതെന്ന് എപ്പോഴും ചോദിക്കും. അവര്‍ക്ക്‌ അതൊന്നും അത്ര പരിചയമുള്ള കാര്യമല്ലത്രേ. രാഷ്ട്രീയക്കാര്‍ക്ക്‌ അവരുടെ ബിസിനസ്സ്‌, നമുക്ക്‌ നമ്മുടെ എന്ന പക്ഷം.

വെറുതേ ചോദിച്ചു, "ആരാ നിങ്ങടെ മുഖ്യമന്ത്രി?"
അത്ഭുതപ്പെടേണ്ട. അറിയില്ലത്രേ.അങ്ങനെയും ഇന്ത്യക്കാരുണ്ട്‌ അല്ലേ? ഒരുപക്ഷേ
അങ്ങനെയുള്ളവരാകും കൂടുതല്‍ ഇന്ത്യക്കാരും. ആരാധനാലയങ്ങള്‍ക്കുവേണ്ടി പോരാടാന്‍ ഇന്ത്യ അടുത്തകാലത്തായി കാണിക്കുന്ന ആവേശം, ആരുഭരിക്കണമെന്നു തീരുമാനിക്കപ്പെടേണ്ടകാര്യത്തില്‍പ്പോലും സ്വാധീനം ചെലുത്തുന്നു. മലയാളികള്‍ നേതാക്കളുടെ മുഖത്തുനോക്കി ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങാനെങ്കിലും ചില ടി.വി.ചാനലുകള്‍ ഉപകരിച്ചുവെന്നത്‌ ആശ്വാസം.

ചില മലയാളം ബ്ലോഗുകളില്‍, പ്രത്യേകിച്ച്‌ ഐ.ടി. കുട്ടന്മാര്‍ ചര്‍ച്ച ചെയ്ത വിഷയത്തില്‍ ചില ലിങ്കുകള്‍ കിട്ടി. മുഖ്യമന്ത്രിയേയും പ്രതിപക്ഷനേതാവിനേയും മുന്‍വിധിയില്ലാതെ വിലയിരുത്തുന്നതരത്തില്‍ വിഷയമായിട്ടുള്ള പദ്ധതിയെപ്പറ്റി അറിവുള്ളവര്‍ ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ എന്നാശിച്ചുപോവുന്നു.

http://www.madhyamamonline.com/

http://www.hindu.com/

പ്രബുദ്ധകേരളത്തമാശകള്‍. അന്നും ഇന്നും എന്നും.

ഇത്രയൊക്കെ മലയാളം ബ്ലോഗുകളിലൂടെ ഓടിനടന്നു വായിച്ചിട്ടും കിട്ടാത്തൊരാശ്വാസം ഇതുവായിച്ചപ്പോള്‍ കിട്ടി. നാടിന്റെ നാഡിമിടിപ്പറിയുന്നവര്‍ തന്നെയാണ്‌ നമ്മെ നയിക്കുന്നത്‌. ഹാവു. രക്ഷപ്പെട്ടു.

http://www.madhyamamonline.com/news_details.asp?id=4&nid=73750&page=2

കുറച്ചുനാള്‍ മുന്‍പ്‌ ലോനപ്പന്‍ നമ്പാടന്റെ വാക്കും വെല്ലുവിളിയും കേട്ടൊരു മന്ത്രി കാട്ടില്‍ക്കിടന്നു വെള്ളം കുടിക്കുകയുണ്ടായി. (അടുത്തകാലത്തും മാന്യദേഹത്തിന്‌ കുറച്ചുകൂടി വെള്ളം കുടിക്കേണ്ടിവന്നേക്കാം. ആര്‍ക്കറിയാം? )

ഇതിപ്പോ അങ്ങനെയൊന്നുമുണ്ടായില്ല. ധീരമായ കാല്‍വയ്പ്പുകളിലൂടെ (ചിലപ്പോള്‍ ഊര്‍ജ്ജസ്വലനെ എടുക്കേണ്ടിയും വന്നത്രേ!) നമ്മുടെ നേതാവ്‌ നേരിട്ട്ചെന്നു കഞ്ചാവുവെട്ടല്‍ ഉത്ഘാടനം ചെയ്തു. പിന്നീട്‌ പത്രസമ്മേളനതിനുശേഷം മടങ്ങിപ്പോയി 'ജനസമ്പര്‍ക്കത്തിലൂടെ' കിട്ടിയ ഫയല്‍കൂമ്പാരത്തിന്റെ പുറത്തുതന്നെയാവും അദ്ദേഹം അന്നുറങ്ങിയിരിക്കുക. ഉറക്കത്തില്‍ ദുബായിലെ മലയാളികള്‍ 'കന്നുകാലികളെ'പ്പോലെ താമസിക്കുന്നയിടങ്ങള്‍ സ്വപ്നവും കണ്ടുകാണണം. അടുത്ത സെന്റിമെന്റല്‍ ഇന്റര്‍വ്യൂവില്‍ പറഞ്ഞേക്കും. കാത്തിരിക്കാം.

നമ്മള്‍ രാജഭരണകാലത്തേയ്ക്കു മടങ്ങുകയാണെന്നുതന്നെ കരുതി സന്തോഷിക്കാം. ഒത്തിരി രാജാക്കന്മാരെ സഹിക്കേണ്ടിവരില്ലല്ലോ.

ഇനി ഓവര്‍ ബ്രിഡ്ജ്‌ മാതിരിയുള്ള ട്രാഫിക്‌ ജംഗ്ഷനുകളില്‍, തലയില്‍ മുണ്ടിട്ടും അല്ലാതെയും ഉദ്യോഗസ്ഥവൃന്ദം കയറിയിറങ്ങാറുള്ളിടങ്ങളില്‍, സര്‍ക്കാര്‍ വാഹനവും പൊക്കി സ്വകാര്യാവശ്യങ്ങള്‍ക്കു നമ്മള്‍ പോകുന്നതിനു പിന്നാലെ, കള്ളവാറ്റുകേന്ദങ്ങളില്‍, ചോദ്യപ്പേപ്പര്‍ ചോര്‍ത്താന്‍ കരുക്കള്‍ നീക്കുന്ന കേന്ദ്രങ്ങളില്‍, പീഡനക്കാരുടെ താവളങ്ങളില്‍, എന്നുവേണ്ട പാര്‍ട്ടികളിലെ പടലപ്പിണക്കങ്ങള്‍ ആസൂത്രണം ചെയ്യാനിരിക്കുന്നവരുടെ താവളങ്ങളില്‍ വരെ ഭരണത്തിന്റെ വളയവും പിടിച്ച്‌ കടന്നുവന്ന് നിയന്ത്രണമേറ്റെടുക്കുന്നതെന്നാണെന്നറിയാന്‍ നമുക്ക്‌ കാത്തിരിക്കാം. ആ വീരകഥകളും നമുക്ക്‌ വായിച്ചാസ്വദിക്കാം.

Sunday, May 22, 2005

ഇന്റര്‍നെറ്റ്‌ - ഞാന്‍ കണ്ടുപിടിച്ചത്‌.

"അഛ ഇന്റര്‍നെറ്റില്‍ ഇപ്പോ പോകുമോ?"

മിക്കവാറും രാത്രികളില്‍ അടുത്തുവന്ന് ചോദിക്കും.

"എങ്കില്‍...? ഗെയിം ഡൌണ്‍ലോഡ്‌ ചെയ്യണമെന്നുപറയാനല്ലേ?"
അല്ലെങ്കില്‍ ഏതെങ്കിലും നാരങ്ങാമുട്ടായിയുടെ പാക്കിങ്ങില്‍ കാണിച്ചിട്ടുള്ള URL പോയി അതു ചെയ്യാമോ ഇതു ചെയ്യാമോ അവിടെ ക്ലിക്ക്‌ ചെയ്യാമോ എന്നൊക്കെ ചോദിക്കലാണ്‌ കൂടുതലും.

ചെറിയ ക്ലാസുകളിലാണെങ്കിലും അവര്‍ക്ക്‌ ചെയ്യാനായി കിട്ടുന്ന പല പ്രോജക്റ്റുകളും ഇന്റര്‍നെറ്റില്ലായിരുന്നെങ്കില്‍ 'ശൂ' ആയിപ്പോയേനെയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌. നമ്മള്‍ പഠിക്കുന്നകാലത്ത്‌ ഇത്തരം കടന്ന പഠിത്തം ഉണ്ടാവാണ്ടിരുന്നതും നന്നായി എന്ന് 'മറ്റേ പകുതി'. എങ്കില്‍ ഇപ്പോ അവര്‍ക്കിതൊക്കെ കാണിച്ചുകൊടുക്കാനായിട്ട്‌ ജീവിച്ചിരിക്കുമായിരുന്നോ ആവോ.

അതുപോട്ടെ. ഇന്നത്തെ ആവശ്യം വളരെ ലളിതം. "മോണാലിസ പെയിന്റിംഗ്‌ ഏതു മ്യൂസിയത്തിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌?"

"ഇത്രേയുള്ളോ. ഈയിടെയും ആ പെയിന്റിങ്ങിനെപ്പറ്റി ഏതാണ്ട്‌ വാര്‍ത്തയില്‍ കാണിച്ചില്ലേ, ഒരുപാടുപേര്‍ക്ക്‌ കാണാനാവുന്നതരത്തില്‍ ഉയരത്തില്‍ സ്ഥാപിച്ചതായി?"

"ആണോ? ഏതാ മ്യൂസിയം?"

കുഴഞ്ഞില്ലേ... മോണാലിസയെമാതിരി പുഞ്ചിരിച്ചതുകൊണ്ടും ഉത്തരം കിട്ടില്ലന്നു മനസിലായി.
"ഡിക്ഷണറിയോ ഇയര്‍ ബുക്കോ ഒക്കെ നോക്കി ശീലിക്കണം" എന്ന മറുപടിയാവും മകന്‍ ഇത്തവണയും പ്രതീക്ഷിച്ചത്‌.
അതൊരു കമന്റാക്കി പറയാന്‍ അവസരം കൊടുത്തില്ല.

"ഇത്‌ ഞാന്‍ എഴുതി വച്ചേക്കാം. ജലദോഷം പനിയാക്കാന്‍ നിയ്ക്കാതെ പോയിക്കെടന്നൊറങ്ങ്‌."

പുതിയ തലമുറയുടെ വിഷന്‍ മോശമല്ല. മാതാപിതാക്കളുടെ അറിവിന്റെ ചക്രവാളത്തിന്റെ പരിമിതി തൊട്ടുകാണാന്‍ അറിയാം. അല്ലെങ്കില്‍ മോണാലിസച്ചിത്രം ഏതു മ്യൂസിയത്തിലാണെന്നുള്ള ഒറ്റ ചോദ്യം മാത്രം മതിയായിരുന്നില്ലേ? മോണാലിസയുടെ ചിരി ശരിക്കും എന്നെപ്പോലുള്ള മാതാപിതാക്കളെ കളിയാക്കിക്കൊണ്ടുതന്നെയായിരുന്നിരിക്കും. മൂന്നുതരം.

എന്തായാലും ഒരിക്കല്‍ക്കൂടി എനിക്ക്‌ ഇന്റര്‍നെറ്റ്‌ കണ്ടുപിടിക്കാനായി പുരാതനയന്ത്രം ലോഗോണ്‍ തരുന്നതും പ്രതീക്ഷിച്ച്‌ കാത്തിരിക്കട്ടെ...

Tuesday, May 03, 2005

(നഷ്ട?)സ്വർ‍ഗ്ഗം.

നടനും തിരക്കഥാകൃത്തുമൊക്കെയായ ശ്രീ. ശ്രീനിവാസനും ശ്രീമതി & ശ്രീ.പിണറായി വിജയനുമായി നടന്ന ഒരു കൂടിക്കാഴ്ച ഈയടുത്ത ദിവസം ഒരു മലയാളം ചാനലിൽ‍ കാണിക്കുകയുണ്ടായി.

ദൈവം ഉണ്ടെന്നോ ഇല്ലെന്നോ ഉറപ്പിച്ചു പറയണമെങ്കിൽ‍ തദനുസരണമായ ആഴത്തിലുള്ള അറിവു വേണം. ഇതിൽ‍ ഒരു വാദത്തേപ്പോലും സ്ഥാപിക്കാനാവശ്യമായ അറിവ്‌ തനിക്കില്ലാത്തതിനാൽ‍ ദൈവം ഉണ്ടെന്നുതന്നെ അങ്ങുവിശ്വസിക്കുകയാണെന്ന്‌ ശ്രീനിവാസൻ‍ ഈ കൂടിക്കാഴ്ചയ്ക്കിടെ പറഞ്ഞു. അതിനുകാരണം ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നവർ‍ക്കായുള്ള (ദൈവത്തിന്റെ വകയായുള്ള) എന്തെങ്കിലും ആനുകൂല്യം ദൈവവിശ്വാസത്തിന്റെ അഭാവത്തിൽ‍ തനിക്ക്‌ നഷ്ടപ്പെടാതിരിക്കട്ടെ എന്നതത്രേ.

ഈ വീക്ഷണവുമായി നേരിൽ‍ ബന്ധമില്ലെങ്കിൽ‍ കൂടി വളരെ നാളായി ഉത്തരം കിട്ടാത്ത ഒരു ചോദ്യം മനസ്സിലുണ്ട്‌.

സ്വർ‍ഗ്ഗത്തിലേയ്ക്കുള്ള പ്രവേശനം (മോക്ഷപ്രാപ്തി?) ആണല്ലോ ഭൌതികലോകത്തുള്ള സൽ‍കർ‍മങ്ങൾ‍ വഴി മത-ദൈവ വിശ്വാസങ്ങൾ‍ വാഗ്ദാനം ചെയ്യുന്നത്‌. വിവിധ മതങ്ങൾ‍ ഇവയ്ക്ക്‌ വിവിധ മാനദണ്ഡങ്ങളും വച്ചിട്ടുമുണ്ട്‌. പലതും തികച്ചും വ്യത്യസ്തങ്ങളുമാണെന്നു കാണാം. അവയെ അനുസരിച്ചാൽ‍ മാത്രമേ അടുത്ത പടിയിലേയ്ക്ക്‌ സുഗമമായി പ്രവേശിക്കാനാവൂ എന്നാണ്‌ വിശ്വാസികൾ‍ കരുതുക. വിശുദ്ധ ഗ്രന്ഥങ്ങളും അവയുടെ അനുബന്ധങ്ങളും അത്തരം കാര്യങ്ങൾ‍ പ്രതിപാദിക്കുന്നുമുണ്ട്‌.

സാങ്കൽ‍പികമായ ഈ ചോദ്യം:-

ഇതിൽ‍ ഏതെങ്കിലും ഒന്നോ അതിലധികമോ സംഹിതകളുടെ മാർ‍ഗത്തിലൂടെ - അതൊക്കെ സ്വർ‍ഗപ്രാപ്തിയ്ക്കുതകുമെന്നറിയാതെ - ജീവിക്കുന്ന ഒരാൾ‍ക്ക്‌ സ്വർഗ്ഗപ്രാപ്തിയുണ്ടാവുമോ?

വായന